Monday, July 19, 2010

കടവല്ലൂര്‍ അന്യോന്യം:-

തൃശ്ശിവപേരൂര്‍ യോഗക്കാരും, തിരുനാവായ യോഗക്കാരും അന്യോന്യം കടവല്ലൂര്‌ എന്ന ദേശത്തുളള മഹാ ക്ഷേത്രത്തില്‍ ചേര്‍ന്നു നടത്തുന്ന വേദ പരീക്ഷയാണ്‌ കടവല്ലൂര്‍ അന്യോന്യം എന്നു പറയുന്നുത്‌. ഋഗ്വേദ സംഹിതാ പാഠത്തിലും, ജട, രഥ എന്നീ വേദ വികൃതികളിലും ആയി നടന്നു വരുന്ന പാണ്ഡിത്യ മത്സരമാണ്‌ കടവല്ലൂര്‍ അന്യോന്യം.

തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ കിടമത്സരമായി നടന്നുവന്നിരുന്നു അന്യോന്യം രണ്ടു മഠങ്ങളിലെ പണ്ഡിതര്‍ തമ്മില്‍ ആരംഭിച്ചത്‌ പതിനേഴാം നൂറ്റാണ്ടു മുതലാണെന്ന്‌ അനുമാനിക്കാം. കൊച്ചി രാജാവിന്റെ സഹായത്താല്‍ നടന്നു വന്നിരുന്നു തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ നിന്ന്‌ എന്തോ ചില കാരണങ്ങളാല്‍ വേദാധ്യാപകര്‍ പിരിഞ്ഞുപോകുകയും സാമൂതിരിയുടെ സഹായത്താല്‍ തിരുനാവായ ബ്രഹ്മസ്വ മഠം രൂപീകരിക്കുകയും ചെയ്‌തു. ഇതിനു ശേഷം രണ്ടു യോഗക്കാര്‍ തമ്മിലായി അന്യോന്യം. ആദ്യ കാലങ്ങളില്‍ അന്യോന്യം തൃശൂരില്‍ വച്ചും പിന്നീട്‌ മുളങ്കുന്നത്തു കാവില്‍ വച്ചും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ ഋഗ്വോദ പാണ്ഡിത്യ മത്സരം ചരിത്രത്തില്‍ ഇടം പിടിച്ചത്‌ കടവല്ലൂര്‍ അന്യോന്യമായതിനു ശേഷമാണ്‌. അക്കാലത്ത്‌ ഒരു ദേവ പണ്ഡിതന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കടവല്ലൂരില്‍ കടന്നിരിക്കല്‍. നാല്‍പ്പത്തൊന്നു ദിവസങ്ങളിലായി അതി വിപുലമായി നടന്നിരുന്ന വേദ പരീക്ഷയായിരുന്നു അക്കാലത്ത്‌ കടവല്ലൂര്‍ അന്യോന്യം. എന്നാല്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പതനവും ക്ഷേത്ര പ്രവേശന വിളംബരവും കാരണം കടവല്ലൂര്‍ അന്യോന്യം നിലച്ചുപോയി. 42 വര്‍ഷം മുടങ്ങിക്കിടന്ന ഈ വേദോപാസന 1959 ലാണ്‌ പുനരാരംഭിച്ചത്‌.
കടവല്ലൂര്‍ അന്യോന്യം പുനരാരംഭം.
വേദാഭിമുഖ്യവും സനാതന ധര്‍മ്മചിന്തയും സമൂഹത്തില്‍ നിന്ന്‌ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആ ഗുണങ്ങളെ സമൂഹമനസ്സിലേക്ക്‌ പ്രത്യാനയിക്കുന്നതിനാണ്‌ 1989- ല്‍ കടവല്ലൂരില്‍ അന്യോന്യം പുനരാംരംഭിച്ചത്‌. കൊച്ചില്‍ ദേവസ്വം ബോര്‍ഡിന്റേയും വേദസ്‌നേഹികളുടേയും കടവല്ലൂരിലെ നാട്ടുകാരുടേയും വിശിഷ്യാ അക്കാലത്തെ കടവല്ലൂര്‍ ദേവസ്വം ഓഫീസറുടേയും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്റേയും ഉത്സാഹം കൊണ്ടാണ്‌ വലിയൊരു വിഭാഗത്തിന്‌ കേട്ടുമാത്രം പരിചയമുണ്ടായിരുന്ന അന്യോന്യം പുനരാരംഭിച്ചത്‌.

പ്രയോഗിക്കാന്‍ സാധ്യതകള്‍ ഏറെയില്ലെങ്കില്‍ ഏതു പഠനവും ആത്‌മാവറ്റ്‌ ആചാരം മാത്രമായി തീരുമെന്ന്‌ പറയേണ്ടതില്ലല്ലോ....... അന്യോന്യം പുനരാരംഭിച്ചപ്പോള്‍ പുതിയ ഒരു ലക്ഷ്യവും പഠനത്തിന്‌ സാധുതയുമാണ്‌ ഒരളവുവരെ കേരളത്തിലെ ഋഗ്വേദപഠിതാക്കള്‍ക്ക്‌ ലഭിച്ചത്‌. ഈ സന്തോഷം അവര്‍ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ഇതുവഴി ഋഗ്വേദമന്ത്രങ്ങളെ അതിന്റെ മൗലികതയില്‍ നിലനിര്‍ത്തുന്നതില്‍ അതിന്റേതായ ഓരോ യോഗക്കാര്‍ക്കും അമ്പലത്തില്‍ വാരമിരിക്കാനുള്ള സ്ഥാനം വിവരിക്കുന്നു

ഒരു പങ്ക്‌ കടവല്ലൂരിലന്യോന്യം വഹിക്കുന്നു എന്നതും പ്രസ്‌ത്യാവ്യമാണ്‌. ഇതിലുപരി വേദ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമം കൂടിയാണ്‌ കടവല്ലൂരിലന്യോന്യം. വേദങ്ങളുടെ അര്‍ത്ഥ ചിന്തക്ക്‌ ഇടം നല്‍കുന്നു എന്നതാണ്‌ അന്യോന്യത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഋഗ്വേദ പാണ്ഡിത്യ പരീക്ഷ നടത്തുന്ന ഒരേ ഒരു വേദിയെന്ന പദവിക്കൊപ്പം പ്രഗത്ഭ വ്യക്തികള്‍ പങ്കെടുക്കുന്ന വേദാര്‍ത്ഥവിചിന്ദനം. എല്ലാ വര്‍ഷവും നടക്കുന്നു എന്നതും അന്യോന്യത്തിന്റെ മാത്രം സവിശേഷതയാണ്‌.
`കടവല്ലൂര്‍ അന്യോന്യം' എന്ന പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍
വാരമിരിയ്‌ക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക ഇവയാണ്‌ പരീക്ഷയ്‌ക്കുള്ള വിഷയങ്ങള്‍. അതാതു പരീക്ഷയ്‌ക്ക്‌ പോകുവാന്‍ ഇച്ഛിക്കുന്നവര്‍ പല പ്രാവശ്യം `സമക്ഷത്ത്‌' പോയി ചൊല്ലുക എന്നുവെച്ചാല്‍ ഓരോ ദേശങ്ങളിലുള്ള അമ്പലങ്ങളില്‍ വെച്ചു നടക്കുന്ന വാരങ്ങളില്‍ ചെന്നു ചൊല്ലുകയാവുന്നു.

പിന്നെ തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വമഠത്തില്‍ വെച്ച്‌ എല്ലാവരും തുലാമാസത്തില്‍ `കിഴക്കു-പടിഞ്ഞാറ്‌' എന്നു പറയുന്നതായ ഒരു പരീക്ഷ നടത്തുന്നു. കടവല്ലൂര്‌ `വാരമിരിയ്‌ക്കുക' എന്ന പരീക്ഷയ്‌ക്ക്‌ പോകാന്‍ ഇച്ഛിക്കുന്നവര്‍ക്ക്‌ `കിഴക്കു-പടിഞ്ഞാറ്‌' പരീക്ഷയില്‍ രണ്ടു വാരമെങ്കിലും ശരിയാവണം. കടവല്ലൂര്‌ ജട ചൊല്ലുവാന്‍ ഇച്ഛിക്കുന്ന ആള്‍ അവിടെ നാലു ജട പിഴയ്‌ക്കാതെ ചൊല്ലണം. രഥ ചൊല്ലുന്നവന്‌ അവിടെ രണ്ടു `രഥ' പിഴയ്‌ക്കാതെ ചൊല്ലണം. `കിഴക്കു പടിഞ്ഞാറ്‌' പരീക്ഷയില്‍ ജടയും രഥയും ചൊല്ലുമ്പോള്‍ കുറച്ചു ചില പിഴവുകള്‍ മാത്രം പറ്റിപ്പോയാല്‍ അതുകൊണ്ട്‌ ഒരുവന്‍ ആ പരിക്ഷയില്‍ ജയിക്കാതിരിക്കുകയില്ല. എന്നാല്‍ `കലമ്പുക' എന്ന നമ്പൂതിരിമാരുടെ ഇടയില്‍ സാധാരണ പറഞ്ഞു വരാറുള്ള പ്രകാരം മൂന്നു പിഴ പിഴച്ചാല്‍ അവനെ തോറ്റ കൂട്ടത്തിലായിത്തന്നന്നെ ഗണിക്കുന്നു. ജയിച്ചിട്ടുള്ള കൂട്ടര്‍ കടവല്ലൂരന്യോന്യത്തിന്‌ പോകുവാന്‍ അര്‍ഹരായി ഭവിക്കുന്നു.

പണ്ട്‌ അടുത്ത ബന്ധുക്കളാണെങ്കില്‍പ്പോലും രണ്ടു യോഗത്തിലാണെങ്കില്‍ അന്യോന്യത്തിനു വന്നാല്‍ പിന്നെ മിണ്ടാനോ പരിചയം നടിക്കാനോ പാടില്ല. രണ്ടു യോഗക്കാര്‍ ഒരേ കടവില്‍ കുളിക്കാന്‍ പോലും പാടില്ലായിരുന്നു. അന്നത്തെ മത്സരം എത്ര തീവ്രമായിരുന്നുവെന്ന്‌ ഈ സംഭവങ്ങള്‍ കാണിക്കുന്നു. ഇന്നും ഈ കാര്യങ്ങളില്‍ വലിയ മാറ്റമില്ല.

സന്ധ്യയ്‌ക്കുള്ള ദീപാരധനയ്‌ക്ക്‌ ശേഷമാണ്‌ മത്സരങ്ങല്‍. മത്സര പരീക്ഷയ്‌ക്കായുള്ള അവസാന നിമിഷപഠനങ്ങളും ചോദ്യങ്ങളും മറ്റും തയ്യാറാക്കുന്നത്‌ അത്യന്തം രഹസ്യമായി പകല്‍ സമയത്താണ്‌. തൃശ്ശൂര്‍ യോഗക്കാര്‍ `ശ്രീരാമസ്വാമി ക്ഷേത്ര'ത്തിനടുത്തുള്ള `എടയൂര്‍ ക്ഷേത്ര' (കാട്ടമ്പലം എന്നറിയപ്പെടുന്നു) ത്തിലാണ്‌ തയ്യാറെടുപ്പുകള്‍ നടത്തുക. അന്യോന്യം നടക്കുന്ന സമയത്ത്‌ ഓരോ യോഗക്കാര്‍ക്കും പരീക്ഷയ്‌ക്കിരിക്കാന്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്‌.

ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തില്‍ നമ്പൂതിരിമാര്‍ അന്യോന്യത്തിനിരിക്കുമ്പോള്‍ പുറത്ത്‌ കുറെ നായന്‍മാര്‍ കൂടി `രാമഹരേ' എന്നു ഒരു പ്രത്യേക രീതിയില്‍ ജപിച്ചു കൊണ്ട്‌ ഉച്ചത്തില്‍ കൈകാട്ടി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വെയ്‌ക്കുക പതിവാകുന്നു. അകത്തു നിന്നും വരുന്ന വേദഘോഷം അനര്‍ഹന്മാരായിട്ടുള്ളവരുടെ ശ്രോത്യേന്ദ്രിയത്തിന്‌ ഗോചരമായി ഭവിക്കരുതെന്നു വെച്ചാണത്രേ അങ്ങിനെ ഒരു ചട്ടം വെച്ചിട്ടുള്ളത്‌. സന്ധ്യാവന്ദനത്തിനു ശേഷം ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തില്‍ എത്തുന്ന പണ്ഡിതര്‍ക്ക്‌ ആദ്യം നേരിടേണ്ട പരീക്ഷ `വാരമിരിയ്‌ക്കലാണണ്‌. സംഹിതാ പാഠത്തിലാണ്‌ ഈ പരീക്ഷ. മുറയോഗത്തിലെ വേദ പാഠത്തിനാണ്‌ ഈ പരീക്ഷ. മുറയോഗത്തിലെ വേദ പണ്ഡിതര്‍ ഋഗ്വോദത്തിലെ 10472 മന്ത്രങ്ങളില്‍ നിന്നും ആവശ്യപ്പെടുന്ന ഭാഗം മുതല്‍ പത്തു ഋക്കുകള്‍ സ്വരിച്ചു ചൊല്ലുന്നതിനെയാണ്‌ `വാരമിരിയ്‌ക്കല്‍' എന്നു പറയുന്നത്‌. ചൊല്ലുമ്പോള്‍ സ്വര-വര്‍ണ്ണ-ശബ്‌ദ വ്യത്യാസങ്ങളോ പതിവില്‍ കൂടുതല്‍ താമസമോ പാടില്ല. അങ്ങനെയുണ്ടായാല്‍ പിഴച്ചുവെന്നു പറയാം. പിഴച്ചാല്‍ ചൊല്ലുന്ന ആള്‍ ഉടന്‍ തന്നെ ചൊല്ലല്‍ മതിയാക്കി ക്ഷേത്രത്തില്‍ നിന്നും പുറത്തു പോവുകയാണ്‌ പതിവ്‌. വാരമിരിക്കലിന്‌ പ്രയോഗം നടത്തുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ യോഗത്തിലെ രണ്ടു പേര്‍ക്ക്‌ സഹായിക്കാം. ശബ്‌ദം കൊണ്ടല്ല വേദമുദ്രകള്‍ കൊണ്ട്‌. ഇങ്ങനെ കാണിക്കുന്നതിനെ കൈകാണിക്കുക എന്നാണ്‌ പറയുക. പത്ത്‌ ഋതുക്കള്‍ പിഴയ്‌ക്കാതെ ചൊല്ലിയാല്‍ മുറയോഗത്തിലെ പ്രയോഗക്കാരിന്റെയാണ്‌ അടുത്ത ഊഴം. ഒന്നാമതായി-ആദ്യമായി പ്രയോഗിക്കുന്നതിന്‌ `മുമ്പിരിക്കലെന്നും' രണ്ടാമതായി പ്രയോഗിക്കുന്നതിന്‌ `രണ്ടാംവാരമെന്നും' പറയാം.

വാരമിരിയ്‌ക്കല്‍ കഴിഞ്ഞാല്‍ മത്സരമാണ്‌ `ജട' അല്ലെങ്കില്‍ `രഥ' ഇങ്ങനെ ഊണു വിളമ്പുമ്പോള്‍ ശ്രീരാമസ്വാമിയ്‌ക്കും ഒരില വെയ്‌ക്കാറുണ്ട്‌. ജടയ്‌ക്കും മറ്റും വാര മിരിയ്‌ക്കലില്‍ നിന്ന്‌ വ്യത്യസ്‌തമായി പ്രയോഗക്കാരനെ തന്റെ യോഗക്കാര്‍ക്ക്‌ ചൊല്ലി കൊടുത്തും സഹായിക്കാം.

കടന്നിരിയ്‌ക്കല്‍ വലിയ കടന്നിരിയ്‌ക്കല്‍ എന്നിങ്ങനെയുള്ള ബിരുദങ്ങള്‍ അത്യന്തം ക്ലിഷ്‌ടതരമായ രഥയിലാണ്‌ പ്രയോഗത്തില്‍ അസാമാന്യമായ ചാതുര്യവും അലക്ഷ്യവുമാണ്‌ വേണ്ടത്‌. നല്ലവണ്ണം `ഓത്തത്തവും' `കുട്ടിത്തവും' ഉളളവര്‍ മാത്രമേ ആ പരീക്ഷക്ക്‌ ശ്രമിക്കുകയുള്ളു. വലിയ കടന്നിരിക്കല്‍ കഴിഞ്ഞാല്‍ ആരും തന്നെ ഇപ്പോള്‍ ഇല്ല എന്നത്‌ ഈ പരീക്ഷകളുടെ പ്രയാസം വ്യക്തം ആക്കുന്നു. കടവല്ലൂര്‍ പരീക്ഷാ കാലത്ത്‌ പതിവായിട്ടുള്ള രണ്ട്‌ വാര വിരിക്കല്‍ കഴിഞ്ഞാല്‍ `കൂട്ടവാരം' എന്നൊരു സമ്പ്രദായം ഉണ്ട്‌.
എപ്രകാരമാണോ ഹോതന്‍ ദേവന്‍മാരെ യജ്ഞവേദിയിലേക്ക്‌ കൊണ്ടു വരുന്നത്‌ അപ്രകാരം ദൈവീക ഗുണങ്ങളെ നമ്മുടെ അന്തര്‍ മണ്ഡലങ്ങളിലേക്ക്‌ കൊണ്ടു വരുന്നതിന്‌ ഋഗ്വേദ മന്ത്രങ്ങള്‍ക്കു കഴിയും. അര്‍ത്ഥമറിയാതെ വേദമന്ത്രങ്ങള്‍ ചൊല്ലിയാലും ഫലസിദ്ധിയുണ്ടെന്ന്‌ അഭിപ്രായപ്പെടുന്ന വേദപണ്ഡിതരും കുറവല്ല. ഔഷധമെന്നറിയാതെത്തന്നെ അതുകഴിച്ചാല്‍ രോഗം മാറുമല്ലോ എന്നവര്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ബാല്യവും കൗമാരത്തിന്റെ സിംഹഭാഗവും ഉപയോഗിച്ചാണ്‌ കേരളത്തിലിപ്പോള്‍ വേദം പഠിക്കുന്നത്‌. ഇതു പോലും അത്യന്തം ക്ലിഷ്‌ടതരമാണ്‌. ഇതിന്റെ കൂടെ അര്‍ത്ഥം പഠിക്കാന്‍ ഇപ്പോഴുള്ളതുകൂടി നഷ്‌ടപ്പെടുമെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. അര്‍ത്ഥ ചിന്തയില്ലാതെ ആണെങ്കിലും പുരുഷായുസ്സില്‍ മുക്കാലും വേദപഠനത്തിനായി ചെലവഴിച്ച്‌ വേദവാണിയെ അതിന്റെ മൗലീകതയില്‍ സംരക്ഷിക്കുന്ന സാമ്പ്രദായിക പണ്ഡിതരുടെ ശ്രമം തീര്‍ച്ചയായും ശ്ലാഘനീയം തന്നെയാണ്‌.

വേദമന്ത്രശ്രവണം കൊണ്ട്‌ മാത്രം ഒരുവന്റെ മനസ്സ്‌ വിമലമാവുകയും ശരീരം രോഗശാന്തി നേടുകയും ചെയ്യുന്നു എന്നത്‌ ആചാര്യമതം. യജ്ഞവേദികളില്‍ അടുത്തകാലത്തായി പാശ്ചാത്യര്‍ നടത്തിയ പഠനങ്ങളും ഈ ആചാര്യ മതത്തെ ശരിവക്കുന്നു. മതങ്ങള്‍ എങ്ങിനെയുണ്ടായി എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമില്ല.

കടവല്ലൂര്‍ അന്യോന്യം - പ്രസക്തിയും പ്രാധാന്യവും
`ഉത്തരാദിസ്വരഭേദം സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പുതന്നെ ലൗകീക സംസ്‌കൃത ഭാഷയില്‍ നിന്ന്‌ അപ്രത്യക്ഷമായി. അത്യാധികമായ പ്രയത്‌നം ചെയ്‌ത്‌ ഈ ഉച്ചാരണ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുള്ളത്‌ വേദങ്ങള്‍ മാത്രമാകുന്നു.' ഉച്ചാരണ ഭേദങ്ങളോടെ വേദം ഹൃദിസ്ഥമാക്കിയിട്ടില്ലെങ്കിലും വേദാര്‍ത്ഥ ചിന്തനത്തിലൂടെ ആ സംസ്‌ക്കാരം വേണ്ടതു പോലെ ഉള്‍ക്കൊണ്ട പണ്ഡിത കവിയായ ശ്രീ. എന്‍.വി. കൃഷ്‌ണവാരിയരാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. വേദം ധര്‍മ്മ മൂലമാണ്‌. അത്‌ സ്വതപ്രമാണമാണ്‌. അതിനാല്‍ സദാചാര ശാസ്‌ത്രത്തിന്റെ അടിസ്ഥാനം ഇന്ത്യയില്‍ വേദം തന്നെയാണെന്ന്‌ സൂചിപ്പിച്ചു കൊണ്ട്‌ ഭാരതത്തില്‍ വേദാദ്ധ്യായനം ഇന്നും പ്രസക്തമാണെന്ന്‌ അദ്ദേഹം സമര്‍ത്ഥിക്കുകയുണ്ടായി.

വേദപ്രാമാണ്യം അംഗീകരിക്കപ്പെട്ടപ്പോള്‍ അതിന്നധികാരികളായി കണക്കാക്കപ്പെട്ടവര്‍ നമ്പൂതിരിമാരായിരുന്നു. അവര്‍ കുട്ടിക്കാലം മുതല്‍ കഠിനമായി പ്രയത്‌നിച്ച്‌ വേദാഭ്യാസം നടത്തുക പതിവാണ്‌. നാലു വേദങ്ങള്‍ ഉണ്ടെങ്കിലും ഋഗ്വേദത്തിലെ പ്രയോഗങ്ങള്‍ക്കാണ്‌ പ്രാമുഖ്യം നല്‍കിയിരുന്നത്‌. കേരളത്തില്‍ ഋഗ്വേദികളാണ്‌ കൂടുതല്‍ ഉണ്ടായിരുന്നത്‌. ഇവര്‍ തൃശ്ശിവപേരൂര്‍ യോഗം തിരുനാവായ യോഗം എന്നീ ഏതെങ്കിലും ഒരു യോഗത്തില്‍ ഉള്‍പ്പെട്ടവരാകും. (യജുര്‍വേദികള്‍ക്കും സാമവേദികള്‍ക്കും തൃശ്ശിവപേരൂര്‍ യോഗത്തിലോ, തിരുനാവായ യോഗത്തിലോ, ചേരാനുള്ള സാഹചര്യം പണ്ട്‌ ഉണ്ടായിരുന്നുവത്രേ). ഋഗ്വേദികള്‍, അവര്‍ അഭ്യസിച്ച പാഠങ്ങള്‍ സമക്ഷത്ത്‌ പ്രയോഗിക്കുവാനും മാന്യത നേടുവാനുള്ള വേദിയായി നിശ്ചയിച്ചത്‌, കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രമായിരുന്നു. അങ്ങിനെ തൃശ്ശിവപേരൂര്‍ യോഗക്കാരും, തിരുനാവായ യോഗക്കാരും അന്യോന്യം കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ചേര്‍ന്നു നടത്തുന്ന വേദ പരീക്ഷയാണ്‌ കടവല്ലൂര്‍ അന്യോന്യം. വാരമിരിക്കുക, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ്‌ പരീക്ഷക്കുളള വിഷയം. ഉച്ചാരണ വേചിത്രവും ഉദാത്താനുദാത്ത സ്വരിത ഭേദങ്ങളും സ്വരലോപം വരാതെ പ്രയോഗിച്ച്‌ വേദത്തിന്റെ നിലനില്‍പ്പും സംരക്ഷണവും ഉറപ്പുവരുത്താനുള്ള, അക്ഷര ബ്രഹ്മത്തെ ഊനം തട്ടാതെ നിലനിര്‍ത്തുവാനുള്ള പരിശ്രമമാണിത്‌. ശബ്‌ദ പ്രയോഗങ്ങള്‍ക്കുമാത്രം പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ള ഒരു സമ്പ്രദായമാണിത്‌. വേദത്തിന്റെ ശബ്‌ദരൂപം പാഠഭേദം വരാതെ തനിമയോടെ കാത്തുസൂക്ഷിക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രാധാന്യം. അതേ സമയം തന്നെ വേദാര്‍ത്ഥ ചിന്തയും വേദസംസ്‌ക്കാരവും പ്രചരിപ്പിക്കുവാനുള്ള കഠിന പ്രയത്‌നം കൂടി ഉണ്ടാകുന്നു എന്നതാണ്‌ കടവല്ലൂര്‍ അന്യോന്യത്തിന്റെ ഇന്നത്തെ പ്രസക്തി.
ബ്രാഹ്മസ്വം മഠത്തില്‍ വേദാദ്ധ്യയനം ചെയ്യുന്നതുവരെ, പഠിക്കാന്‍ തുടങ്ങിയവര്‍ മുതല്‍ വലിയ പരീക്ഷ ജയിച്ചവര്‍ വരെയുള്ള വേദജ്ഞന്മാരെ, ഓരോരുത്തരുടേയും യോഗ്യതയനുസരിച്ച്‌ പദാന്തം, കിഴക്കേക്കിട, പടിഞ്ഞാറെക്കിട, മാന്യസ്ഥാനക്കാര്‍ തുടങ്ങി പത്തു കിടയായി തരംതിരിച്ചിട്ടുണ്ട്‌. എല്ലാ ദിവസവും ഓത്തു തുടങ്ങുക എന്ന ചടങ്ങുണ്ട്‌. വാദ്ധ്യാന്‍ കൈകാണിച്ച്‌ അവരവുരുടെ പാഠം ചൊല്ലിച്ചശേഷം അദ്ദേഹത്തിനു ബോദ്ധ്യമായകുന്ന മുറയ്‌ക്ക്‌ ഓരോരുത്തരെയായി മേലേക്കിടയിലേക്ക്‌ മാറിയിരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയാണ്‌ പതിവ്‌. ഈ അംഗീകാരത്തിനായി ഏകദേശം സമന്മാരായ കിഴക്കേകിടക്കാരും പടിഞ്ഞാറെക്കിടക്കാരും തമ്മില്‍ മത്സരം പതിവായിരുന്നു. പഠിപ്പില്‍ മുമ്പില്‍ എത്താനുള്ള ഒരു തരം സൗഹൃദമത്സരമാണിത്‌. യോഗ്യതയും മാന്യതയും നേടുവാന്‍ രണ്ടു വിഭാഗത്തില്‍പ്പെട്ടവരുടെ പരിശ്രമം കൂടിയാണിത്‌. ഒരു തരത്തിലുള്ള പരീക്ഷ കടവല്ലൂര്‍ അന്യോന്യത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടുന്നത്‌ `കിഴക്കു പടിഞ്ഞാറ്‌' എന്ന പരീക്ഷക്കുശേഷമാണ്‌ വ്യത്യസ്‌തമായ രണ്ടു കിടക്കാര്‍ അവരുടെ കഴിവിന്‌ അംഗീകാരം നേടാന്‍ ശ്രമിച്ചിരുന്ന ഈ സമ്പ്രദായമാണ്‌ കിഴക്കുപടിഞ്ഞാറ്‌ എന്ന പരീക്ഷാരീതിയായി പരിണിച്ചത്‌. ഇന്നും `കിഴക്കപടിഞ്ഞാറ്‌' നടത്തിയാണ്‌ തുലാം 25-ാം തിയ്യതി കടവല്ലൂര്‍ക്കുളള പ്രയോഗക്കാരെ തിരഞ്ഞെടുക്കുന്നത്‌. പണ്ടത്തെ നിഷ്‌ക്കര്‍ഷയും, നിലവാരവും, അര്‍പ്പണ ബോധവും യോഗ്യതയുടെ മാനദണ്ഡവും നന്നേ കുറഞ്ഞു പോയെങ്കിലും അന്യോന്യത്തിനോടുള്ള മമതയും പങ്കെടുക്കുന്നവരുടെ പരിശ്രമവും അന്ധാളിപ്പും ഇന്നുള്ളവരിലും നിലനില്‍ക്കുന്നുണ്ട്‌.

കിഴക്കേക്കിടയിലും പടിഞ്ഞാറേക്കിടയിലും തമ്മിലുള്ള മത്സരത്തില്‍ ജയിച്ച്‌ യോഗ്യതനേടി അന്യോന്യത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചാല്‍ പണ്ട്‌ അതൊരു അന്തസ്സും അനുഗ്രഹവുമായി പരിഗണിക്കപ്പെട്ടിരുന്നു. എല്ലാവരും യോഗ്യന്മാരാകയാല്‍ കൂടുതല്‍ കഴിവുളളവര്‍ക്കു മാത്രമേ അതില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നുള്ളു. അതുകൊണ്ടു തന്നെ ഇതിനു മോഹമുള്ളവര്‍ വളരെ മുമ്പുതന്നെ ആവശ്യമായ അഭ്യാസവും ഉപാസനയും നടത്താറുണ്ട്‌. നിരവധി ക്ഷേത്രങ്ങളില്‍ വാരമിരിക്കുകയും ജട, രഥ തുടങ്ങിയവ സമക്ഷത്തു പ്രയോഗിക്കുകയും ചെയ്‌തവരായിരിക്കും. കിഴക്കുപടിഞ്ഞാറു പരീക്ഷയില്‍ രണ്ടുവാരമെങ്കിലും ശരിയാകണം. എങ്കിലേ കടവല്ലൂരില്‍ വാരമിരിക്കാല്‍ അര്‍ഹതയുള്ളു. നാലുജടയും രണ്ടു രഥയും പിഴയ്‌ക്കാതെ ചൊല്ലിയവര്‍ക്കേ കടവല്ലൂരില്‍ ഈ വകപ്രയോഗിക്കുവാന്‍ യോഗ്യതയുള്ളു. തുലാം 25ന്‌ കിഴക്കു പടിഞ്ഞാറും വഴിപാടും കഴിച്ചാല്‍ അന്യോന്യത്തില്‍ പങ്കെടുക്കുവാന്‍ അനുവാദം നല്‍കുന്ന `ക്ഷണം' നടക്കും.

വൃശ്ചികം 1-ാം തിയതിയാണ്‌ അന്യോന്യം ആരംഭിക്കുക. വൈകുന്നേപം ദീപാരാധനയ്‌ക്കു ശേഷം കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ കൂത്തുമാടത്തിനകത്താണ്‌ പ്രയോഗം. ഓരോ യോഗത്തിനും ഓരോ പ്രയോഗത്തിനും നിശ്ചയിക്കപ്പെട്ട പ്രത്യേകസ്ഥാനങ്ങള്‍ ഉണ്ട്‌. അതാതു സ്ഥാനങ്ങളില്‍ ഓത്തന്മാരുടെ മേല്‍നോട്ടത്തിലാണ്‌ ഓരോന്നും നടക്കുന്നത്‌.

പണ്ട്‌ കിടമത്സരവും യോഗമത്സരവും കൊടുമ്പിരിക്കൊണ്ടിരുന്നു. അക്കാലത്ത്‌ അന്യോന്യമടുത്താല്‍, ചര്‍ച്ചക്കാരാണെങ്കില്‍പ്പോലും, വ്യത്യസ്‌ത യോഗക്കാര്‍ തമ്മില്‍ ഇടപഴകുകയോ കാണുകപോലുമോ പതിവില്ലത്രേ. മത്സരത്തിന്റെ രഹസ്യം വേണ്ടതുപോലെ സൂക്ഷിക്കുകയും വേദശുദ്ധി നില്‍നിര്‍ത്തുകയുമാണ്‌ ലക്ഷ്യം. പങ്കെടുക്കുന്നവര്‍ മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിച്ച്‌ നേരത്തെതന്നെ കടവല്ലൂരില്‍ അഭ്യാസവും ഉപാസനയുമായി കഴിച്ചുകൂടും. പരസ്‌പരസമ്പര്‍ക്കം ഒഴിവാക്കുവാന്‍ തിരുന്നാവായ യോഗക്കാരും തൃശ്ശിവപേരൂര്‍ യോഗക്കാരും പ്രത്യേകം പ്രത്യേകം ഇടങ്ങളിലാണ്‌ താമസിക്കുക പതിവ്‌. ഓരോ യോഗക്കാരും അവരവരുടെ പ്രയോഗം ഭംഗിയാക്കുവാനും മറ്റുളളവരുടെത്‌ പിഴയ്‌ക്കുവാനും ശ്രമിക്കും. വാരം പിഴച്ചാല്‍ `മുണ്ടിട്ടുപോകുന്നത്‌' നാണക്കേടാകുമെന്നതിനാല്‍, പിഴപറ്റാതിരിക്കാനുള്ള പ്രാര്‍ത്ഥനയും വഴിപാടുകളും ധാരാളമുണ്ടാകും. അങ്ങനെ പലരും സ്വന്തം കൈവിരലിലെ മോതിരം ശ്രീരാമസ്വാമിക്കു സമര്‍പ്പിച്ചതു സ്വരൂപിച്ചാണ്‌ ഭഗവാനുളള ഗോളക പണിതീര്‍ത്തതെന്നു പറയാറുണ്ട്‌.

സന്ധ്യക്കാണ്‌ വാരമിരിക്കാന്‍ ഓരോ വര്‍ഷം ഇടവിട്ട്‌ ഓരോ യോഗത്തിനാണ്‌ ഊഴം നിശ്ചയിക്കുക. ഒരുകൊല്ലം തൃശ്ശിവപേരൂര്‍ യോഗക്കാരുടേതാണ്‌ ആദ്യത്തെ ഊഴമെങ്കില്‍ അവരില്‍ ഓരാളാണ്‌ ഒന്നാം തിയതി ആദ്യം വാരമിരിക്കുക. ഇതിനാണ്‌ മുമ്പിലിരിക്കുക എന്നു പറയുന്നത്‌. തുടര്‍ന്ന്‌ തുരുനാവായ യോഗത്തിലെ ഒരാള്‍ രണ്ടാമതായി വാരമിരിക്കും ഇതാണ്‌ രണ്ടാം വാരം ക്രമപാഠം ചൊല്ലുന്നതാണ്‌ വാരമിരിക്കല്‍. രണ്ടു പദം വീതം കൂട്ടി പ്രത്യേകസ്വരത്തിലും മാത്രയിലും ചൊല്ലുന്നു. ഏതവര്‍ക്കും ചൊല്ലണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌ ഏതിര്‍പക്ഷക്കാരാണ്‌. ഋഗ്വേദത്തില്‍ എട്ട്‌ അഷ്‌ടമാണ്‌. ഒന്നാം തിയ്യതി ഒന്നാം അഷ്‌ടകം രണ്ടാം തിയ്യതി രണ്ടാം അഷ്‌ടകം അങ്ങനെ അവസാന ദിവസം എട്ടാം അഷ്‌ടകം എന്ന ക്രമത്തിലാണ്‌ നിശ്ചയിച്ചിട്ടുളളത്‌. `കല്ല്‌ പടുക്കുക' എന്ന പ്രത്യേക സമ്പ്രദായ പ്രകാരം ഏത്‌ ഓത്തിലെ ഏത്‌ വര്‍ക്കം എന്ന്‌ വേദജ്ഞന്മാര്‍ നിശ്‌ചയിച്ച്‌ കൈമുദ്രകാട്ടി ബോധ്യപ്പെടുത്തും. കൂത്തുമാടത്തിലെ പടിയില്‍ പ്രത്യേകനിലയിരിരുന്നാണ്‌ ക്രമം ചൊല്ലുക. പറഞ്ഞു കൊടുക്കാറില്ലെങ്കിലും സ്വന്തം യോഗത്തിലെ രണ്ടുപേര്‍ കൈകാണിക്കാന്‍ സഹായികളായി അടുത്തുണ്ടാകും. പിഴവുപറ്റുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ട്‌ എതിര്‍പക്ഷക്കാരും കൈകാണിക്കുവാന്‍ കൂടെയുണ്ടാകും. ചൊല്ലുന്ന സമയത്ത്‌ അസ്ഥാനത്ത്‌ ചുണ്ടു കടിക്കുകയോ, ശ്വാസം വലിക്കുകയോ, സ്വരം മാറുകയോ മറ്റോ ചെയ്‌താല്‍ പിഴച്ചതായി കണക്കാക്കും. അപ്പോള്‍ തുടര്‍ന്നു ചൊല്ലാതെ, വര്‍ക്കം മുഴുമിപ്പിക്കാതെ മുണ്ട്‌ താഴെ വച്ച്‌ പാരക്കാരന്‍ പോകുകയാണ്‌ പതിവ്‌. പിഴയ്‌ക്കാതെ വാരം മുഴുമിപ്പിച്ചാല്‍ അതൊരംഗീകാരവും മാന്യതയുമായി കരുതുന്നു.
ജട, രഥ

അത്താഴ പുജയ്‌ക്കു ശേഷമാണ്‌ ജട, രഥ തുടങ്ങിയ പ്രയോഗം. ഓത്തന്മാരുടെ യോഗ്യതയ്‌ക്കനുസരിച്ച്‌ വലിയമ്പലത്തില്‍ ഓരോരുത്തര്‍ക്കും പടിയിന്മേല്‍ സ്ഥാനം നിശ്ചയിച്ചിട്ടുണ്ടാകും. വേദജ്ഞന്‍മാര്‍ അര്‍ഹതയ്‌ക്കനുസരിച്ച്‌ അതതു സ്ഥാനത്തിരുന്ന്‌ ഒരക്ഷരം ഉച്ഛരിക്കാതെ, പ്രയോഗം ശ്രദ്ധിച്ച്‌ ഊണു കഴിയ്‌ക്കും. വാരത്തിനെന്നപോലെ സ്വന്തം യോഗക്കാര്‍ സഹായികളായും, പിഴവുപറ്റുന്നുണ്ടോ എന്നറിയാന്‍ മറുപക്ഷക്കാരും കൈകാണിച്ചുകൊണ്ട്‌ ഉണ്ണാതെ അടുത്തിരിക്കും. ജടയും രഥയും വേദവികൃതികളാണ്‌. അഷ്‌ടവികൃതികളില്‍ ജടയും രഥയും മാത്രമേ കേരളത്തില്‍ പ്രയോഗത്തിലുള്ള. ഒന്നാം തിയതി ജടയാണ്‌ പതിവ്‌ - `ഒന്നാന്തി ജട' ഒന്നാം തിയ്യതി ഏതു യോഗക്കാരാണോ മുമ്പിലിരുന്നത്‌ അതേ യോഗത്തിലെ രണ്ടു പേര്‍ കൂടിച്ചേര്‍ന്നാണ്‌ ജട പ്രയോഗിക്കുക. രണ്ടാം തിയ്യതിയും ജടയാണ്‌. അന്നേ ദിവസം മുമ്പിലിരുന്ന യോഗക്കാരാണ്‌ ഇത്‌ പ്രയോഗിക്കുക. മൂന്നാം തിയ്യതി ഒന്നാം തിയ്യതി ജട പ്രയോഗിച്ച യോഗക്കാരുടെ രഥ ചൊല്ലാണ്‌. ഇതാണ്‌ വ്യവസ്ഥ. ഓരോ ദിവസവും ഏതെങ്കിലും യോഗത്തിന്റെ ജടയോ രഥയോ ഏതെങ്കിലും ഒന്നു മാത്രമേ പതിവുള്ളു. ഓരോന്നിനും ഓരോരുത്തര്‍ക്കും പ്രത്യേക സ്ഥാനമുണ്ട്‌. പിഴച്ചാല്‍ വാരത്തിനുള്ള പോലെ മുണ്ടിട്ടു പോകാറില്ല. ചൊല്ലുന്നവര്‍ക്കും മുഴുമിപ്പിച്ചിട്ടു മാത്രമേ നിര്‍ത്താറൂള്ളു. പിഴയ്‌ക്കാതെ ജടയും രഥയും ചൊല്ലി വിജയിച്ചാല്‍ അതൊരു അംഗീകാരമാണ്‌. എന്നാല്‍, വേദം മേല്‍പ്പോട്ടും, കീഴ്‌പ്പോട്ടും വേണ്ടതുപോലെ, പരസഹായമില്ലാതെ, അയത്‌നമായി, ഏതു വര്‍ഗ്ഗവും ചൊല്ലാമെന്ന്‌ സ്വയം ഉറപ്പു മറ്റുളളവര്‍ക്കു ബോദ്ധ്യവുമായാല്‍ അവര്‍ കടന്നിരിയ്‌ക്കല്‍ എന്ന പരീക്ഷയ്‌ക്കു ശ്രമിക്കും. കടന്നിരിയ്‌ക്കലും വലിയ കടന്നിരിയിക്കലും രഥചൊല്ലലാണ്‌. ഇത്‌ വളരെ ക്ലേശകരവും ശ്രദ്ധവേണ്ടതും ആണ്‌. കടന്നിരിയ്‌ക്കല്‍ വലിയ വേദ പരീക്ഷയാണ്‌. പടിയിന്മേല്‍ ഓരോ യോഗത്തിനും കടന്നരിക്കലിനും ഓരോ സ്ഥാമുണ്ട്‌. ഓത്തന്മാരില്‍ ഏറെ ആദരിക്കപ്പടുന്നവരും അംഗീകാരമുളളവരും, പണ്ഡിതന്മാരുമായ `കടന്നിരിയയ്‌ക്കല്‍' കഴിഞ്ഞവര്‍ രണ്ടു യോഗത്തിലുമായി എണ്‍പതു കഴിഞ്ഞ എട്ടുപേര്‍ മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളൂ. `വലിയ കടന്നിരിയിക്കല്‍' എന്ന ഏറ്റവും ഉയര്‍ന്ന വേദ പരീക്ഷ ജയിച്ചവര്‍ ഇന്ന്‌ ആരുമില്ല. വേദം മുഴുവന്‍ നാവിന്മേല്‍ നൃത്തം വെയ്‌ക്കുന്ന പ്രയോഗനിപുണന്മാരായ വേദ പണ്ഡിതന്മാരുടെ പ്രാവീണ്യം തെളിയിക്കുന്നതാണ്‌ പ്രത്യേകസ്ഥാനത്ത്‌ എല്ലാത്തരം യോഗ്യതയോടു കൂടി രഥചൊല്ലുന്ന വലിയ കടന്നിരിയ്‌ക്കല്‍. സംഹിത, പദം, ക്രമം, ജട, രഥ എന്നിവയിലെല്ലാം അസാമാന്യമായ പ്രാവീണ്യവും ഓര്‍മ്മശക്തിയും ശ്രദ്ധയും അഭ്യാസവും ഉള്ളവര്‍ക്കുമാത്രമേ ഉയര്‍ന്ന പരീക്ഷകള്‍ക്കു ശ്രമിക്കാന്‍ കഴിയൂ.
പദങ്ങളെ സംഹിതയില്‍ ഉളളപോലെ സ്വരൂപേണയും വിപരീതമായിട്ടും വീണ്ടും സ്വരൂപേണയും ക്രവ്യൂല്‍ ക്രമ സംക്രമം - ചൊല്ലുന്നതാണ്‌ ജട. പദജ്ഞാനം പ്രധാനമാണ്‌. ഒരാള്‍ രണ്ടു പദങ്ങള്‍ ക്രമമായി ചൊല്ലുന്നു. എ.ബി. തുടര്‍ന്ന്‌ ബി.എ എന്ന്‌ വ്യൂല്‍ക്രമമായും വീണ്ടും എ.ബി എന്ന്‌ ക്രമമായും ചൊല്ലുന്നു. അദ്ദേഹം ബി.എന്നു ചൊല്ലുമ്പോള്‍ അതോടൊപ്പം രണ്ടാമന്‍ അതേ പദവും തുടര്‍ന്നുള്ള ഒരു പദവും ക്രമമായി ചൊല്ലുന്നു. ബി.സി അദ്ദേഹം തന്നെ അതിന്റെ വ്യൂല്‍ക്രമവും തുടര്‍ന്ന്‌ ക്രമവും ചൊല്ലുന്നു. ഇങ്ങനെ ഈ രണ്ടു പദമായി രണ്ടു പേര്‍ ചേര്‍ന്ന്‌ പ്രത്യേകമാത്രയിലും സ്വരത്തിലും നിശ്ചയിച്ച വര്‍ഗ്ഗം ചൊല്ലി പൂര്‍ത്തിയാക്കുകയാണ്‌ ജടചൊല്ലുക.
എന്നാല്‍ രഥ ചൊല്ലല്‍ കുറേക്കൂടി ബുദ്ധിമുട്ടുളളതാണ്‌. ഓരോ പദമായി കയറുകയും എന്നാല്‍ പുതിയ പദമെത്തിയാല്‍ അതുവരെയുളഅളത്‌ മുഴുവന്‍ കീഴ്‌പ്പോട്ടു ചെല്ലുകയും ചെയ്യുന്ന പ്രത്യേക സമ്പ്രദായമാണ്‌ രഥ. ഒരാള്‍ എ.ബി. എന്ന രണ്ടു പദം ചൊല്ലിയാല്‍ രണ്ടാമന്‍ ബി.എ എന്നും ഒന്നാമന്‍ വീണ്ടും എ.ബി. എന്നും ചൊല്ലുന്നു. തുടര്‍ന്ന്‌ രണ്ടാമന്‍ ബി.സി എന്നു ചൊല്ലിയാല്‍ ഒന്നാമന്‍ ഡി.ബി.എന്നു കീഴ്‌പ്പോട്ടു മുഴുവനായി ചൊല്ലുന്നു. രണ്ടാമന്‍ എ.ബി എന്നും ഒന്നാമന്‍ ബി.സി എന്നും ചൊല്ലി, രണ്ടാമന്‍ സി.ഡി എന്നു ചൊല്ലുന്നു. തുടര്‍ന്ന്‌ ആദ്യത്തെ വ്യക്തി ഡി.സി.ബി.എ എന്ന ക്രമത്തില്‍ താഴേക്കു ചൊല്ലിതീര്‍ത്താന്‍ രണ്ടാമന്‍ ഡി.ഇ എന്നു മുകളിലേക്കു ചൊല്ലിക്കയറുന്നു. പദപരിചയവും, ശ്രദ്ധയും, ക്രമവും, അഭ്യാസവും നന്നായുണ്ടെങ്കിലെ രഥപാഠം അനായാസമായി ചൊല്ലാന്‍ കഴിയൂ. ഇത്തരത്തിലുള്ള രഥ ചൊല്ലലാണ്‌ അന്യോന്യത്തില്‍ പരീക്ഷിയ്‌ക്കപ്പെടുന്നത്‌. സാധാരണമട്ടില്‍ രഥ ചൊല്ലുമ്പോള്‍ സഹായികള്‍ അല്‌പസ്വല്‌പം പറഞ്ഞു കൊടുക്കുക പതിവാണ്‌. എന്നാല്‍ കടന്നിരിയ്‌ക്കലും വലിയ കടന്നിരിക്കലും ആകുമ്പോള്‍ ശ്രമിയ്‌ക്കുകയും പ്രാവീണ്യവും പ്രാഗത്ഭ്യവും പരീക്ഷിയ്‌ക്കപ്പെടുകയും ചെയ്യുന്നു.
ആയിരത്താണ്ടുകള്‍ക്കു മുമ്പ്‌ ഗ്രന്ഥങ്ങളും മറ്റും ഇല്ലാതിരുന്നപ്പോള്‍ വേദത്തിന്റെ ശുദ്ധി നിലനിര്‍ത്തുവാനും അതിന്റെ മഹത്വം ബോദ്ധ്യപ്പെടുത്തുവാനും സ്വരഭേദം വരതെ കാത്തു സൂക്ഷിക്കുവാനും മനീഷികളായ ആചാര്യന്‍മാര്‍ ദീര്‍ഘ ദര്‍ശനത്തോടെ ചിട്ടപ്പെടുത്തിയ സമ്പ്രദായമാണിത്‌. ഈ സമ്പ്രദായം തന്നെ നൂറ്റാണ്ടുകളായി അനുവര്‍ത്തിക്കുന്നു എന്നതാണ്‌ ബ്രഹ്മസ്വം മഠത്തിലെ വേദ പഠനത്തിന്റേയും, അതിന്റെ പ്രയോഗക്ഷമത വിലയിരുത്തപ്പെടുന്നു എന്നതാണ്‌ കടവല്ലൂര്‍ അന്യോന്യത്തിന്റെ പ്രാധാന്യം. ലക്ഷാര്‍ച്ചനയിലും മറ്റും പദപാഠവും സംഹിതാപാഠവും ഉറപ്പിയ്‌ക്കുമ്പോള്‍, ഇതെല്ലാം ഹൃദിസ്ഥമാക്കിയവരുടെ സ്വരജ്ഞാനം ഊട്ടി ഉറപ്പിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുളളതാണ്‌ വാരവും വേദവികൃതികളും.
പണ്ട്‌ ഒരു യോഗമേ ഉണ്ടായിരുന്നുള്ളു. തൃശ്ശിവപേരൂര്‍ ആസ്ഥാനമായി കൊച്ചിരാജാവിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരു വിഭാഗം സാമൂതിരി പക്ഷക്കാരായി തിരുന്നാവായ കേന്ദ്രീകരിച്ച്‌ പ്രത്യേക യോഗക്കാരായി മാറിയപ്പോഴാണ്‌ രണ്ട്‌ മഠങ്ങള്‍ നിവലില്‍ വന്നത്‌. അതിനു മുമ്പും കിഴക്കു പടിഞ്ഞാറും മത്സരപ്പരീക്ഷകളും ഉണ്ടായിരിക്കണം. ആദ്യകാലത്ത്‌ മുളങ്കുന്നത്തു കാവിലായിരുന്നത്രെ അന്യോന്യം നടത്തിയിരുന്നുത്‌. പിന്നീട്‌, പന്നിയൂര്‍ ഗ്രാമം തിളങ്ങി നിന്നിരുന്ന കാലത്ത്‌, തിരുന്നാവായക്കാര്‍ക്കും തൃശ്ശിവപേരൂരിനും എത്തിപ്പെടാവുന്ന കടവല്ലൂര്‍ എന്ന ദേശത്ത്‌ അന്യോന്യം ആരംഭിക്കുകയം അത്‌ കടവല്ലൂര്‍ അന്യോന്യമെന്ന്‌ പ്രസിദ്ധമായി തുടരുകയും ചെയ്‌തു. അന്യോന്യകാലത്ത്‌ കടവല്ലൂര്‍ ക്ഷേത്രത്തില്‍ പന്നിയൂര്‍ ഗ്രാമക്കാര്‍ക്ക്‌ പ്രത്യേക സ്ഥാനം കല്‌പിച്ചുകൊടുത്തിരുന്നത്‌ ആ ഗ്രാമക്കാരെ അംഗീകരിക്കലും അവര്‍ക്കുള്ള പങ്കാളിത്തം ബോദ്ധ്യപ്പെടുത്തലും ആകുമല്ലോ! എന്നാല്‍ ഇടക്കാലത്ത്‌ 40 വര്‍ഷത്തോളം കടവല്ലൂരില്‍ അന്യോന്യം നടക്കുകയുണ്ടായില്ല. വലിയ കടന്നരിയ്‌ക്കല്‍ എന്ന വേദ പരീക്ഷ അവസാനമായി നടന്ന അന്യോന്യം 1139-ല്‍ ചൊവ്വന്നൂര്‍ സഭാമഠത്തിലല്‍ വച്ചാണ്‌ നടത്തെപ്പട്ടത്‌. 40 വര്‍ഷത്തിനു ശേഷം 17 വര്‍ഷം മുമ്പ്‌ കടവല്ലൂര്‍ അന്യോന്യം പുനരാരംഭിച്ചപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദപ്രയോഗം സംബന്ധിച്ച അറിവും സംസ്‌ക്കാരവും സാമാന്യക്കാരിലേക്ക്‌ സംക്രമിക്കുകയായിരുന്നു.

1 comment:

  1. A 'lawaris' son can only write like "അകത്തു നിന്നും വരുന്ന വേദഘോഷം അനര്‍ഹന്മാരായിട്ടുള്ളവരുടെ ശ്രോത്യേന്ദ്രിയത്തിന്‌ ഗോചരമായി ഭവിക്കരുതെന്നു വെച്ചാണത്രേ അങ്ങിനെ ഒരു ചട്ടം വെച്ചിട്ടുള്ളത്‌." Who the bloddy man told you this?

    ReplyDelete