Sunday, August 29, 2010
`നെല്ലറയുടെ കയ്യൊപ്പ്'
വെള്ളിമേഘങ്ങളുടെ തലപ്പാവണിഞ്ഞു നില്‍ക്കുന്ന അട്ടപ്പാടി മലകളുടെ താഴ്‌വാരങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന മല്ലീശ്വരന്‍മുടി. മല്ലീശ്വരന്‍ കണ്ണു തുറക്കുമ്പോള്‍ വെയിലുദിക്കുമെന്നും കണ്ണീര്‍ വാര്‍ക്കുമ്പോള്‍ മഴ പെയ്യുമെന്നും
ശ്വസിക്കുമ്പോള്‍ മുളങ്കൂട്ടങ്ങള്‍ നൃത്തം ചെയ്യുമെന്നും വിശ്വസിക്കുന്ന ആദിവാസി ജന്മങ്ങള്‍... വേലിയും
അതിരുമില്ലാത്ത ഭൂമിയുടെ ഉടമകള്‍...
പുതിയ യജമാനന്മാര്‍ താഴ്‌വാരങ്ങള്‍ പങ്കിട്ടെടുത്തപ്പോള്‍ അന്നോളം തല ഉയര്‍ത്തിപ്പിടിച്ചിരുന്ന ഊരു മൂപ്പന്മാര്‍ പുതിയ യജമാനന്മാരുടെ മുന്നില്‍ തലകുനിച്ചു. കുനിയാത്ത തലകള്‍ കാടുകള്‍ക്കു വളമായി...നാല്‍പ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു
മുമ്പാണു മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ `പൊന്നി' എന്ന നോവലില്‍ ഈ വരികള്‍ കോറിയിട്ടത്. മല്ലീശ്വരന്‍മുടിയെ തഴുകി നാലു
പതിറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തിലും അട്ടപ്പാടിയെ ഉള്ളേറ്റി നില്‍ക്കുന്ന പാലക്കാട്ടു
ജില്ലയിലും എന്തെങ്കിലും വ്യതിയാനമുണ്ടായോ?ചരിത്രത്തില്‍ ഉറങ്ങുന്ന പാലക്കാടിനെ തട്ടിയുണര്‍ത്തി പുതുയുഗത്തില്‍ എന്തെല്ലാം
സംഭവിച്ചിട്ടുണ്ടെന്ന് ഒരന്വേഷണം നടത്തുന്നതു പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച വികസനപുസ്‌തകം
`നെല്ലറയുടെ കയ്യൊപ്പ്' ആണ്.
രാജ്യത്തെ പ്രഥമ സഞ്ചരിക്കുന്ന ബാങ്കും ഐ.ടി.ഡി.പി. ആരോഗ്യമേഖലയ്‌ക്കു പ്രാധാന്യം നല്‍കിയതും പി.ആര്‍.ഡി.
ചൂണ്ടിക്കാട്ടുന്നു. ആദിവാസി ജീവിതങ്ങള്‍ നേരില്‍ കാണുന്നതിനായി മന്ത്രി എ.കെ. ബാലന്‍ ആദിവാസി ഊരില്‍
അന്തിയുറങ്ങിയതും `നെല്ലറയുടെ കൈയൊപ്പി'ല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.വാക്കിനേയും വരയേയും കണ്ട
മനീഷി ഒ.വി. വിജയന്‍ സൃഷ്‌ടിച്ച `ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കാഴ്‌ചകള്‍ക്കു വരയും മൊഴിയും
നല്‍കിയാണു `നെല്ലറയുടെ കൈയൊപ്പ്' അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ജില്ലാ കലക്‌ടര്‍ കെ.വി. മോഹന്‍കുമാറിന്റെ മുഖമൊഴിയോടെയാണു മന്ത്രിസഭാ
വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌തരൂപം ഉള്‍പ്പെടുത്തിയുളള ഈ
ഇതിഹാസവിരുന്ന് തയാറാക്കിയിട്ടുളളത്. അതും ഇതിഹാസകാരന്‍ കാലയവനികക്കുളളില്‍ മറഞ്ഞിട്ട് അഞ്ചാണ്ട് തികയുന്ന
സന്ദര്‍ഭത്തില്‍. പ്രശസ്‌ത ചിത്രകാരന്‍ ഷഡാനനന്‍ ആനിക്കത്തിന്റെ തൂലിക പകര്‍ത്തിയ ഇതിഹാസ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം,
ജയകുമാറിന്റെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ ഇതിഹാസ ഭൂമിയുടെ വര്‍ത്തമാനകാഴ്‌ചകളും പുസ്‌കത്തില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്.
നാലു പതിറ്റാണ്ട് മുമ്പ് രവി ബസിറങ്ങിയ കൂമന്‍കാവില്‍ നിന്നാണ് വരയുടെയും മൊഴിയുടെയും ആരംഭം. അന്ന് രവിക്ക് അപരിചിതമായി തോന്നാതിരുന്നെങ്കില്‍ ഇന്ന് അപരിചിതമാകുമെന്ന കാര്യം ഉറപ്പ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൂമന്‍കാവില്‍ മനോഹരമായ കവാടം നിര്‍മിച്ച് തസ്രാക്കിലേക്ക് സ്വാഗതം ചെയ്യും. രവി ഇതിഹാസ ത്തിലേക്ക് യാത്ര
ചെയ്‌ത മയിലാഞ്ചിപ്പാത ടാര്‍ ചെയ്യും. ഈ പാത വഴിയിലൂടെ ചെന്നാല്‍ സാഹിത്യാസ്വാദകര്‍ ഒരു വികാരമായി ഹൃദയത്തില്‍
സൂക്ഷിക്കുന്ന ഞാറ്റുപുരയിലും അളളാപിച്ചാമൊല്ലാക്കയുടെ ഓത്തുപളളിയിലും അറബികള്‍ തലവെട്ടിയെറിഞ്ഞ അറബിക്കുളത്തിന്റെ തീരത്തും എത്താം.
ഈ ഭൂമികയില്‍ ഇതിഹാസ ജന്മങ്ങളുടെ പിന്‍മുറക്കാരേയും കാണാം. കോസ്‌റ്റ് ഫോര്‍ഡ് രൂപകല്‌പന ചെയ്‌ത ഈ പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍ കൂമന്‍കാവില്‍ ബസിറങ്ങുന്ന രവിക്ക് വഴി തെറ്റാനുളള സാധ്യത ഏറെയാണെന്ന് പ്രതിപാദിച്ചുകൊണ്ടാണു
പുസ്‌തകത്തിന്റെ ഉളളടക്കത്തിനു തുടക്കമിടുന്നത്. മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ പ്രശസ്‌ത കൃതി പൊന്നി യിലെ നായിക പൊന്നിയുടെ കരുവാര ഊരിലെയും കാമുകന്‍ മാരന്റെ ചെമ്മണ്ണൂര്‍ ഊരിലെയും വികസനം സാക്ഷ്യപ്പെടുത്തിയാണ് അട്ടപ്പാടി ആദിവാസി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്. നാല് പതിറ്റാണ്ട് മുമ്പുളള ഇവരുടെ ഊരുകളുടെ ചിത്രവും ഇപ്പോഴത്തെ ഊരുകളുടെ ചിത്രവും ഉണ്ട്. തോപ്പില്‍ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത് പൊന്നി സിനിമയാക്കിയപ്പോള്‍ നായികാനായകന്മാരെ അവതരിപ്പിച്ച ലക്ഷ്‌മിയുടെയും കമലഹാസന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സിനിമ നിര്‍മിച്ച മഞ്ഞിലാസ് ഇറക്കിയ പോസ്‌റ്ററിന്റെ ചിത്രവും ബുക്കില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതിയെ പിണക്കാതെയും പീഡിപ്പിക്കാതെയുമുളള അനങ്ങന്‍മല ടൂറിസം പദ്ധതിയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
മലയാളത്തിലെ ദാദാസാഹിബ് മുതല്‍ രജനീകാന്തിന്റെ മുത്തു വരെയുളള 50 ഓളം ചിത്രങ്ങള്‍ക്ക് ദൃശ്യപശ്‌ചാത്തലമൊരുക്കിയ
പ്രകൃതി ദൃശ്യങ്ങള്‍ അനങ്ങന്‍മലയുടേതാണെന്നുളള വിവരവും ഈ പേജില്‍ വിവരിക്കുന്നു.
വ്യവസായിക രംഗത്തെ പുരോഗതി - `കുസുമേ കുസുമോല്‌പത്തി' എന്ന ശീര്‍ഷകത്തിലാണ് പ്രതിപാദിച്ചിട്ടുളളത്.
കാളിദാസന്റെ മേഘസന്ദേശത്തിന് മല്ലീനാഥന്‍ നടത്തിയ വ്യാഖ്യാനത്തില്‍ യക്ഷന്റെ ഭാര്യയെക്കുറിച്ചു വര്‍ണിക്കുന്ന ഈ
പ്രയോഗം - ഒരിക്കലും ലാഭത്തിലാകില്ലെന്നു വിശ്വസിച്ചിരുന്ന കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങള്‍ ലാഭത്തിലാക്കി ആ ലാഭം ഉപയോഗിച്ച് പുതിയ സ്‌ഥാപനങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കുന്നതും അവയില്‍ രണ്ടെണ്ണം ജില്ലയില്‍ സ്‌ഥാപിച്ചതും
വിവരിക്കുന്നു
13.25 കോടി ചെലവില്‍, ജനപ്രതിനിധികളുടെ കൂട്ടായ്‌മയില്‍ പാലക്കാട് നഗരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന
യികപ്രേമികളുടെ എക്കാലത്തേയും പ്രതീക്ഷയായിരുന്ന ഇന്‍ഡോര്‍ സേ്‌റ്റഡിയം, 1.25 കോടി രൂപ ചെലവഴിച്ച് നഗരഹൃദയത്തില്‍
സ്‌ഥാപിക്കുന്ന അക്ഷരസ്‌നേഹികളുടെ ചിരകാല സ്വപ്‌നം ഗ്രന്ഥാലയ സമുച്ചയം, 55 ലക്ഷം രൂപ വിനിയോഗിച്ച് കുഞ്ചന്‍ നമ്പ്യാരുടെ കലക്കത്ത് തറവാടിന്റെ ഉമ്മറക്കോലായിലുയരുന്ന നാട്യശാല, മലമ്പുഴയിലെ നിര്‍ദിഷ്‌ട ഹെറിറ്റേജ് മ്യൂസിയം, 46
ലക്ഷം വിനിയോഗിച്ചുളള കോട്ടായിയിലെ ചെമ്പൈ സ്‌മാരക സംഗീതഹാള്‍, 4.82 കോടി ചെലവിട്ടു കൊണ്ടുളള മലമ്പുഴ
ഉദ്യാന നവീകരണം തുടങ്ങി പുരോഗമിക്കുന്ന പദ്ധതികളുടെ ചിത്രങ്ങളും വിവരങ്ങളും വിവിധ വകുപ്പുകള്‍ കഴിഞ്ഞ ഒരു
വര്‍ഷക്കാലം നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണു കയ്യൊപ്പ് തയ്യാറാക്കിയിട്ടുളളത്.
എണ്‍പത്തിരണ്ടു പേജിലായി പാലക്കാടിന്റെ വികസനചിത്രങ്ങള്‍ വരയും മൊഴിയുമായി ഇതള്‍ വിരിയുമ്പോള്‍ പഴയ ആ ചോദ്യം
വീണ്ടും ഉയിര്‍ക്കുന്നു. അട്ടപ്പാടിയിലെ ആദിവാസിജീവിതത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ?
`മല്ലീശ്വരന്‍ സാക്ഷി' എന്നു നമുക്ക് ഉപസംഹരിക്കാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment